https://drive.google.com/open?id=1orMw0cYEehM0CzGQCr2qp85yiIwa4GFc
അധ്യാപകവിദ്യാഭ്യാസം: ഒരടിമുന്നോട്ട്നാലടിപിന്നോട്ട്
പ്രസിദ്ധമായൊരുനമ്പൂതിരിഫലിതമുണ്ട്; പാടത്തുമേയുന്നപോത്തിൻറെ പിറകിൽ ചെന്ന നമ്പൂതിരി ഒരു വിധം അതിൻറെ മുകളിൽ പിടിച്ചുകയറി. എന്നിട്ടു പോത്തിൻറെ കമാനംപോലെ നിൽക്കുന്ന കൊമ്പുകൾക്കുള്ളിലൂടെ ഒരു ചാട്ടം! മുന്നിലേക്ക്ചാടി വീണ നമ്പൂതിരിയെ പോത്ത് നിലത്തിട്ടു തലങ്ങും വിലങ്ങും കുത്തി. പിടഞ്ഞെണീറ്റു ജീവനും കൊണ്ട് ഓടുന്ന നമ്പൂതിരിയോട് എല്ലാം കണ്ടു നിന്ന കൃഷിപ്പണിക്കാരൻ ചോദിച്ചു; "എന്ത്പണിയാ നമ്പൂരി താങ്കൾ ഈ കാണിച്ചത്?ഇമ്മാതിരി പണിയൊക്കെ ചെയ്യുമ്പോ ഒന്നാലോചിച്ചു ചെയ്യേണ്ടേ?" ഉടൻ വന്നു നമ്പൂതിരിയുടെ മറുപടി "ആര്പറഞ്ഞു ആലോചിച്ചില്ല എന്ന്? നാം കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായിട്ടു ആലോചിക്കായിരുന്നു, പോത്തിൻറെ മുമ്പിൽ ചെന്ന്കൊമ്പുകൾക്കുള്ളിലൂടെ പിന്നോട്ട്ചാടണോ അതോ മുകളിൽ കയറി മുന്നോട്ട്ചാടണോ എന്ന്. മുന്നോട്ടല്ലേആക്കം, അതാഅങ്ങനെചാടിയത്! ഇങ്ങനെ കുത്തുംന്നു നിരീച്ചില്ല!"--
ഇതേ ആലോചനയാണ്ഇന്ത്യയിലെ അധ്യാപക വിദ്യാഭ്യാസരംഗത്ത്കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി നടക്കുന്നത്. നാലുവർഷ ഇന്റഗ്രേറ്റഡ് ബി എഡ്ഏതു വഴിചാടിച്ചെത്തിക്കണം എന്നാണ്ആലോചന; അല്ലാതെ അത് വേണോ, അതുകൊണ്ടു എന്ത് ഗുണമാണ് കൂടുതലായി ഉണ്ടാവുക എന്നല്ല!
രാജ്യത്തു നിലവിലുള്ള ടീച്ചർ എഡ്യൂക്കേഷൻ സംവിധാനം ഒരു കുറ്റവും കുറവുമില്ലാത്തതാണ് എന്ന അഭിപ്രായം ആർക്കും ഉണ്ടാവാനിടയില്ല. ആ മേഖല പരിഷ്കരിക്കേണ്ടതുമാണ്. പക്ഷെ അതിനായി മുന്നോട്ടു വക്കപ്പെടുന്ന പല നിർദ്ദേശങ്ങളും പ്രത്യക്ഷത്തിൽത്തന്നെ അപ്രായോഗികങ്ങളാണ് . കസ്തുരിരംഗൻ അധ്യക്ഷനായുള്ള സമിതിയുടെ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരടിലും കാതലായ പ്രതീക്ഷക്കു വകകാണുന്നില്ല .
നിലവിൽ അദ്ധ്യാപക വിദ്യഭ്യാസ മേഖലയെ മൂക്കയറിട്ടു പിന്നിലേക്ക് വലിക്കുന്ന അവസ്ഥയാണുള്ളത്. കേന്ദ്രതലത്തിൽ നേതൃത്വം കൊടുക്കുന്ന എൻസിടിഇ - ഈ മേഖലയെ അങ്ങേയറ്റം പ്രാപ്തമായി കൊണ്ടുപേവേണ്ട എൻ സി ടി ഇ- ആണ് ഇതിനെ ഏറ്റവും വഷളാക്കുന്നത്. ഏറെ പ്രഫഷനലാവേണ്ടുന്ന ഒരു കോഴ്സിനെ രണ്ടു വർഷ കോഴ്സക്കി മാറ്റിയപ്പോ എൻ സി ടി ഇ നടത്തിയ സിലബസ് പരിഷ്‌കാരം അതിനെ വെറും 'കണ്ടൻറ് ഓറിയന്റഡ്' തീർക്കുകയാണ് ചെയ്തത്. ടീചർ എഡ്യൂക്കേഷൻ മേഖലയുടെ അപ്പക്സ് ബോഡി ആണെങ്കിലും ആ മേഖലയെ കൊണ്ട് നടക്കാൻ പ്രാപ്തിയും വിവരബോധവും ഇല്ല എന്ന് എൻ സി ടി യി ഒന്നിലധികം തവണ തെളിയിച്ചിട്ടുണ്ട്. ഇനിയും നാല് വർഷത്തേക്കുള്ള പരിഷ്കാരവും അതെ എൻ സി ടി ഇ ആണ് ഏറ്റെടുക്കുന്നത്. കാക്ക കുളിച്ചാൽ കൊക്കാവില്ല എന്ന് എൻ സി ടി ഇ മനസ്സിലാക്കുന്നില്ല. എൻ സി ടി യി പരിഷ്കാരങ്ങളിൽ നിന്ന് അദ്ധ്യാപക വിദ്യാഭ്യാസ മേഖല സമൂലമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല, ചില വരകളുടെയും കുറികളുടെയും മാറ്റങ്ങളല്ലാതെ. വളരെ കാതലായ മാറ്റം വേണ്ടുന്ന ഒരു വിദ്യാഭ്യാസ ശാഖയെ എത്ര ഉദാസീനതയോടെയാണ്കൈകാര്യം ചെയ്യുന്നത് എന്ന്പറയാതെവയ്യ.
ഏതു രാജ്യത്തും വിദ്യാഭ്യാസ സംവിധാനങ്ങൾക്കു കാലികമായ മാറ്റങ്ങൾ ആവശ്യമാണ്. പക്ഷെ അത്നിലവിലുള്ള സംവിധാനത്തിന്റെ ഗുണവശങ്ങൾ സംരക്ഷിച്ചും ദോഷവശങ്ങൾ മറികടന്നും ആവണം. അതാതു മേഖലയിൽ പ്രവർത്തിക്കുന്നവരുടെ താല്പര്യവും പ്രായോഗിക അറിവും കണക്കിലെടുത്തായാൽ കൂടുതൽ നല്ലത്.
സമകാലിക മലയാളം വാരികയിൽ വന്ന ലേഖനം ലിങ്കിൽ വായിക്കു
No comments:
Post a Comment